2013, നവംബർ 28, വ്യാഴാഴ്‌ച

തുളസി...


തളിരിലക്ക് പോലും
തലയെടുപ്പിന്‍ ഗന്ധം
തരുണികള്‍ ക്കെല്ലാര്‍ക്കും
തലമുടിക്ക് ചന്തം
തടി മിടുക്കില്ലേലും
തറകളെന്റെ സ്വന്തം

2013, നവംബർ 18, തിങ്കളാഴ്‌ച

മഴ


പുറത്ത് മഴ കനത്ത്
കവിത പെയ്യുമ്പോള്‍
അകത്ത്
തീ യൊടുങ്ങാത്ത നെഞ്ചില്‍
ഇടിവെട്ടുന്നു....
മിന്നലാളുന്നു .....

2013, നവംബർ 16, ശനിയാഴ്‌ച

തര്‍ഹീല്‍..........


തര്‍ഹീല്‍..........
തിരിച്ചു പോക്കിന്റെ
തകര്‍ന്ന വീട്ടില്‍  ...
തളര്‍ന്നുറങ്ങുന്നവര്‍ക്ക്
തിര യൊടുങ്ങാതെ
തിങ്ങി നിറയുമ്പോഴും
തനിച്ചാകാനൊരു
തടങ്കല്‍ പാളയം

2013, നവംബർ 15, വെള്ളിയാഴ്‌ച

പ്രവാസി


പച്ചപ്പ്‌ തേടിയലഞ്ഞ്
പഴുത്ത മണലി ലുറങ്ങി
പാതി വെന്ത കിനാവുമായി
പടി കയറി വരുന്നുണ്ട്
പ്രവാസി

2013, നവംബർ 12, ചൊവ്വാഴ്ച

പകല്‍

നിഴലുകള്‍
നീണ്ടു വരുമ്പോഴറിയാം
മരണത്തിന്റെ ഗന്ധം
വെളിച്ചം
നിലവിളിച്ചോടുമ്പോള്‍
ഉറപ്പാക്കാം
പകല്‍
കൊല്ലപ്പെട്ടിരിക്കുന്നു

വേരുകള്‍


പറിച്ചെടുത്തപ്പഴാണ്
പുറത്തറിഞ്ഞത്
പിണഞ്ഞു കിടക്കുന്ന
വേരുകളുടെ
പ്രണയത്തിന്റെ ആഴം 

2013, നവംബർ 11, തിങ്കളാഴ്‌ച

തേന്‍


മുമ്പിലൊരു പടവാള്‍
വീശുമ്പോഴും
പിന്നിലൊരു തേന്‍ കുടം
തുളുമ്പുന്നുണ്ട്
പൂമ്പൊടി
വാരി പ്പറക്കുമ്പോഴും
പൂവിനൊരു ജീവന്‍
പകരുന്നുണ്ട്

2013, നവംബർ 10, ഞായറാഴ്‌ച


എത്ര പെയ്തിട്ടെന്ത് .....
ഏറ്റു പെയ്യാന്‍
ഒരു മരം പോലും
കൂട്ടിനില്ലെങ്കില്‍ ..... ?! 

2013, നവംബർ 9, ശനിയാഴ്‌ച

വിമാനത്താവളങ്ങള്‍


വിമാനത്താവളങ്ങള്‍ക്ക്
വീടൊഴിക്കപ്പെട്ട
കുഞ്ഞുങ്ങളില്‍ നിന്നും
കവര്‍ന്നെടുത്ത
ചിറകുകള്‍ വീശി
തെരുവിന്റെ
ഉറക്കം കെടുത്താന്‍
ഇരമ്പി പ്പറക്കുന്നു
ചതിയുടെ വിമാനങ്ങള്‍


2013, നവംബർ 8, വെള്ളിയാഴ്‌ച

ഉറുമ്പുകള്‍


ഉറുമ്പുകള്‍
പട നയിക്കുമ്പോഴും
പിന്നിലൊരു കണ്ണുണ്ടാവും
വഴി നടക്കുമ്പോഴും
'നിര' യിലൊരു കാവല്‍ കാണും
കതിര് തിന്നുമ്പോഴും
കണ്ണിലൊരു കണക്കുണ്ടാവും
കൂടണയുമ്പോഴും
കയ്യിലൊരു കരുതല്‍ കാണും 

വേരുകള്‍


മഴ
മണ്ണിനോടന്വേഷിച്ചത്
വെയില്‍ പൊള്ളി
മരിച്ചവര്‍
എവിടെ യെന്നാണ്

മണ്ണ്
മഴയോട് പറഞ്ഞത്
ഉറവ തേടുന്ന
വേരുകള്‍ തീര്‍ത്ത
ശില്‍പങ്ങളെ കുറിച്ചും

2013, നവംബർ 3, ഞായറാഴ്‌ച

പലിശ


കൂട്ടിയും ഗുണിച്ചും
പടി കേറി വന്നു
പലിശ  ..............
കൂട്ടിയിട്ടും കൂടാതെ
പടിയിറങ്ങി പ്പോയി
പ്രാണന്‍ ...................

പ്രണയം


മുറിവു ണങ്ങാത്ത
ചുണ്ടില്‍
പ്രണയത്തിന്റെ
പാട്ടുത്സവം

നിഴല്‍


മുമ്പിലും പിറകിലും
തുള്ളിയും തുളുമ്പിയും
ചാഞ്ഞും ചെരിഞ്ഞും
വളർന്നും തളര്‍ന്നും
ഒളിച്ചും കളിച്ചും
പിടി തരാതെ  നിഴല്‍ 

അരുവി


ഉറവയുടെ ചൂടറിഞ്ഞ്
കാടിന്റെ കുളിരണിഞ്ഞ്‌
കത്തുന്ന വഴി കടന്ന്
അലയുന്ന പുഴയിലേക്ക്
അരുവിയുടെ തീർത്ഥാടനം

2013, നവംബർ 2, ശനിയാഴ്‌ച

കണക്ക്


കണക്കു ടീച്ചർ
കൈ വെള്ളയില്‍ വരച്ചിട്ട
ഹരണവും ഗുണനവും
എത്ര പെട്ടെന്നാണ്
പത്തു റിയാലിന്റെ
കാല്‍ കുലെറ്റര്‍
മായ്ച്ചു കളഞ്ഞത് 

ചിപ്പി


ആഴിയുടെ 
കുളിരില്‍ നിന്നും
കവര്‍ന്നെടുക്കുമ്പോള്‍
നീ പറഞ്ഞില്ലല്ലോ
അഹങ്കാരത്തിന്റെ
കൊടും ചൂടിലെന്നെ
തളച്ചിടുമെന്ന്

2013, നവംബർ 1, വെള്ളിയാഴ്‌ച

പിടി


മരങ്ങളെല്ലാം
തീര്ന്നു പോയത്
മഴുവിന്
പിടി യിട്ടതാണെന്ന്

ചാര്‍ജ്


ശബ്ദം നിലച്ച
മൊബൈല്‍ ഫോണാണ്
ആദ്യം പറഞ്ഞത്
പ്രണയത്തിന്റെ
ചാര്‍ജ് തീര്‍ന്നെന്ന്

വാക്ക്


നീ എറിഞ്ഞത്
'ഒരു വാക്കാ'ണെങ്കിലും 
മുറിഞ്ഞു പോയത്
നമുക്കിടയിലെ 
ചിരി യായിരുന്നു