2012, ജൂലൈ 10, ചൊവ്വാഴ്ച

വ്രതകാല ചിന്തകള്‍



വ്രതം  വിളിച്ചോതുന്നത്‌
വിപ്ലവത്തിന്റെ വഴികളാണ്
വിശുദ്ധ വേദത്തിന്റെ
വെളിച്ചം നുകര്‍ന്ന്
വിരിയിച്ചെടുക്കുന്ന 
വിചാര വിപ്ലവത്തിന്റെ
വിശേഷ വഴികള്‍ ...!!

വ്രതം വിരല്‍ ചൂണ്ടുന്നത്
വിശന്ന വയറുകളിലെക്കും
വിലാപമൂറിയ കണ്ണുകളിലേക്കുമാണ്
വിശപ്പ്‌ തീര്‍ന്ന് വീര്‍ത്ത വയറും
വിതുമ്പലറിയാതെ വിടര്‍ന്ന കണ്ണും
വിപ്ലവത്തിന്റെ വഴിയില്‍
വിലക്കപ്പെട്ടതെന്ന അറിവിലേക്കാണ് ..!!

വ്രതം വഴി നടത്തുന്നത്
വിമോചനത്തിന്റെ വീഥിയിലേക്കാണ്
വെറുപ്പിന്റെ വിഷ വീഥിയില്‍ നിന്നും
വിനയത്തിന്റെ വഴി മുടക്കുന്ന
വിദ്വേഷ ഭാരങ്ങളില്‍ നിന്നും
വിതണട വാദങ്ങളില്ലാത്ത
വിശിഷ്ട വേദത്തിലേക്കും
വെളിച്ചം സമുദ്രം തീര്‍ക്കുന്ന
വറ്റാത്ത സ്വര്‍ഗത്തിലേക്കുമുള്ള
വിമോചനത്തിന്റെ രാജപാതയിലേക്ക് ....!!

വ്രതം വിളിച്ചുണര്‍ത്തുന്നത്
വിശുദ്ധിയുടെ വെളിച്ചത്തിലെക്കാണ്
വെടിപ്പുകെട്ട തിന്മയുടെ ഇരുട്ടില്‍ നിന്ന്
വഴിഞ്ഞൊഴുകുന്ന നന്മയുടെ നറുനിലാവിലേക്ക്
വരിഞ്ഞു മുറുക്കിയ കെട്ടു ഭാരങ്ങളില്‍ നിന്ന്
വിശാലത പേറുന്ന സ്വര്‍ഗ്ഗ വാതില്‍ക്കലേക്ക് ...!!

വ്രതം വലിച്ചടുപ്പിക്കുന്നത്
വിധാദാവിന്റെ സവിധത്തിലേക്കാണ്
വ്രതത്തിന്റെ വിഹിതം
വിടര്‍ത്തിത്തുറന്ന 'റയ്യാന്‍ '*കവാടമാണ്
വ്രതത്തിന്റെ ഫലമോ...
വിലക്കറിയാത്ത 'ഫിര്‍ദൌസിലെ'** ഗേഹമാണ്
വ്രതത്തിന്റെ ലക്‌ഷ്യം
വിനയം തുളുമ്പുന്ന ഭക്തിയാണ്
വ്രതം എന്നോടുണര്‍ത്തുന്നത്
വിപ്ലവത്തിന്റെ വാതില്‍ തുറക്കാനാണ്
വിലാപത്തിന്റെ വാതിലുകള്‍ അടക്കാനും ......!!
----------------------------------------------------------
*റയ്യാന്‍ = ഭക്തിയോടെ നോമ്പനുഷ്ടിച്ചവര്‍ക്ക് പ്രവേശിക്കാനുള്ള സ്വര്‍ഗ്ഗവാതില്‍
**ഫിര്‍ദൌസ് = സ്വര്‍ഗത്തിലെ അത്യുന്നത സ്ഥാനം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ