2012, ജൂലൈ 6, വെള്ളിയാഴ്‌ച

വിളിച്ചുണര്‍ത്തുന്ന സ്വപ്‌നങ്ങള്‍ ......


വസന്തങ്ങളെ വിരിയിക്കുന്നത്
വായിട്ടലക്കുന്ന സംഘങ്ങളല്ല
വിലക്ക് തീര്‍ക്കുന്ന തെരുവുകളിലും
വിളിച്ചുണര്‍ത്തുന്ന സ്വപ്നങ്ങളാണ്

അറബിത്തെരുവുകള്‍ 
ആര്‍ത്തറിയിക്കുന്നത്
വരാനിരിക്കുന്ന വസന്തവും
വീശിത്തുടങ്ങിയ സുഗന്ധവുമാണ്

അഹന്തയുടെ കോട്ടകള്‍ക്കുള്ളില്‍
അടുക്കളയെ ഭരണ മേല്‍പ്പിച്ച്
അതൃപ്പങ്ങള്‍ തേടി പ്പോയ
അഹങ്കാരങ്ങല്‍ക്കറുതി പാടുന്ന വസന്തം...

അഭിമാനം പണയപ്പെടുത്തി
അടിമത്വം വിലക്ക് വാങ്ങാന്‍
അറബിപ്പോരിശയെ നാണം കെടുത്തിയ
അട്ടിപ്പേറുകളെ നീക്കും സുഗന്ധം ......

ടുണീഷ്യ യാണ് അഗ്നി നിറച്ചത്
ലിബിയയിലാണ് ഊതിപ്പരത്തിയത്
നൈലിന്റെ തീരത്താണ് പടര്‍ന്നു കത്തിയത്
*'തവക്കുലാ'ണ് ഉയര്‍ന്നു നിന്നത്
സിറിയ യാണിന്നു സുഗന്ധം തേടുന്നത്

വിശന്നൊട്ടിയ വയറുകളല്ല
വിനോദ മറിയാത്ത കണ്ണുകളുമല്ല
വിലക്കപ്പെട്ട സ്വപ്നങ്ങളാണ്
വസന്തത്തിന്റെ വാതില്‍ തുറന്നത്

മറയി ട്ടൊതുക്കിയ  വസന്തങ്ങളും
മൂടിയിട്ടമര്‍ത്തിയ സുഗന്ധങ്ങളും
മോചനത്തിന്റെ ഗീതം പാടി
മോക്ഷ മാര്‍ഗമുണര്‍ത്തുന്നുണ്ട്

അതിരിട്ടമര്‍ത്തിയ സ്വാതന്ത്ര്യവും
അടച്ചുപൂട്ടിയ സ്വപ്നങ്ങളും
അഹന്ത പാടിയ ഭരണങ്ങളും
അറബിത്തെരുവുകള്‍ മറക്കാനിരിക്കുന്നു

പാതകള്‍ കാതോര്‍ത്തിരിക്കുന്നത്
പറഞ്ഞു കേട്ട ചരിത്രങ്ങളാണ്
പോരാളിക്ക് കരുത്തേകുന്നത്
പെയ്തിറങ്ങിയ സത്യങ്ങളാണ്...
-----------------------------------
*തവക്കുല്‍ = യമന്‍ വിപ്ലവ പോരാളിയും നൊബേല്‍ സമ്മാന ജേതാവുമായ "തവക്കുല്‍ കര്മാന്‍ "
  തവക്കുല്‍ = ദൈവത്തിലുള്ള ആത്മ വിശ്വാസം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ