2012, ജൂലൈ 28, ശനിയാഴ്‌ച

സംസാ മൃതം............

സംസാ മൃതം............
----------------
സം സം
കരുണയുടെ ഉറവയായത്
ഖലീലെന്ന വിളി കേട്ട്
വഴിയില്‍ വെളിച്ചം തേടി
തീര്‍ഥാടനം വഴിയാക്കിയ
ഇബ്റാഹീമിന്റെ മക്കള്‍ക്ക്‌ ...

സം സം
പ്രതീക്ഷയായത്
സഫയുടെ ചരുവിലും
മര്‍വ യുടെ മാറിലും
ചരിത്രത്തിന്റെ  ഉറവ തീര്‍ത്ത
ജനതതി കളുടെ ഉമ്മ -
തളരാത്ത ഹാജറക്ക് ..........

സം സം
ഉത്തരമായത്
കാലിട്ടടിച്ച്‌ കരഞ്ഞ
വരണ്ടു പോയ
കുഞ്ഞു ചുണ്ടുകള്‍ക്ക് ,
പ്രതീക്ഷകള്‍ തളം തീര്‍ത്ത
നനവുണങ്ങാത്ത കണ്ണുകള്‍ക്ക്‌ ..........

സം സം
മോഹമായത്
വിളി കേട്ടവര്‍ക്ക് ,
കേള്‍ക്കാന്‍ കാതോര്‍ത്തവര്‍ക്ക് ,
നേര്‍ക്കാഴ്ച്ച മോഹിച്ച്
കണ്ണ് തുറന്ന് -
കാത്തിരിക്കുന്നവര്‍ക്ക് ..........

സം സം
ശമനമായത്
കരുണയുടെ പ്രതീക്ഷകള്‍
കെടാതെ കാത്തവര്‍ക്ക് ,
ഉറവയുടെ
വഴികള്‍ തേടി
ഓട്ടം ശീലമാക്കിയവര്‍ക്ക് ...........

സംസം
കരുത്തായത്
കനിവിന്റെ
ഉറവിടം കണ്ടവര്‍ക്ക് ,
ആര്‍ത്തിയുടെ പിന്‍ വിളിയെ
കല്ലെറിഞ്ഞോടിച്ച വര്‍ക്ക് ,
അഗ്നിയില്‍ കരിയാത്ത 
ചിന്തകള്‍ കൂട്ടായവര്‍ക്ക് ....... 




2012, ജൂലൈ 23, തിങ്കളാഴ്‌ച

നിയമപ്രകാരമുള്ള ശാസന

ഇല പഴുത്ത മരത്തിന്റെ
അകം തുരന്ന പെരുച്ചാഴി
'നിയമപ്രകാരമുള്ള അറിയിപ്പിന്റെ 
ശാസനയാല്‍ വീര്യം കെട്ട
എലിവിഷം കണ്ട്  
ചങ്ക് പൊട്ടി ചിരിച്ചു  


അമ്പതു കൊത്താല്‍ 
വേരറുത്ത മരത്തിന്റെ
നെഞ്ചു തുരക്കുന്ന മരംകൊത്തി
ഏറനാടന്‍ തമാശയറിയാത്ത
പാലക്കാടന്‍ പട്ടരെകണ്ട്
തല തല്ലി ച്ചിരിച്ചു

വലത്തോട്ടു ചാഞ്ഞ
വിറകു മരത്തിന്റെ
ബാക്കി നിന്ന താഴ്വേരില്‍
ആഞ്ഞുവെട്ടുന്ന
കോടാലിക്കൈ പറഞ്ഞ
വണ്‍.... ടു .....ത്രീ.... കേട്ട്
വെട്ടുകാരന്‍ 'കൈ' കൊട്ടിച്ചിരിച്ചു

വേരറ്റ മരത്തിലും
ഒടിഞ്ഞ ശിഖരങ്ങളിലും
പൊഴിയാന്‍ വെമ്പുന്ന
പഴുത്ത ഇലകളിലും
ജീവിതം കണ്ട്
കരയാനും ചിരിക്കാനുമാവാതെ
പാവം ഇലപ്പുഴുക്കള്‍

നിയമപ്രകാരമുള്ള ശാസന


2012, ജൂലൈ 20, വെള്ളിയാഴ്‌ച

തപസ്സിന്റെ നൂല്‍ വഴികള്‍


ചിലന്തി വലകള്‍
കരുത്തു കാട്ടുന്നത്
വഴിതെറ്റുന്ന
ഇരകളോടാണ്

വലക്കണ്ണി യുടെ
ഇഴയടുപ്പമല്ല
നൂലുകളുടെ
പിരിയടുപ്പമല്ല

ഇരകളുടെ
വഴികേടാണ്
ചിലന്തിവലകളുടെ
കരുത്തറിയിക്കുന്നത്

വഴിമുടക്കാന്‍
വലനെയ്തതല്ല
ഇരപിടിക്കാന്‍
കൂടൊരുക്കിയതുമല്ല

ഓരം ചേര്‍ന്ന്
നേര്‍ത്ത നൂലുകള്‍ വിരിച്ച്
വഴിതെറ്റുന്നവര്‍ക്കായി
ഒരു തപസ്സ്

തപസ്സുകള്‍ക്ക്
അര്‍ഥം പകരുന്നത്
കൂട്ടത്തോട്  കലഹിച്ചവര്‍
മാത്രമല്ല

അഹങ്കാരത്തിന്റെ 
ചാട്ടക്കാരും
കുലം കുത്തുന്ന
ഓട്ടക്കാരു മാണ്

ഒരു ചിലന്തി വലയും
ചിരിക്കാറില്ല
ഒരഹങ്കാരി യെങ്കിലും
കരഞ്ഞിട്ടല്ലാതെ

വലയില്‍ വീണാലും
ഒരിരയും കരയാറില്ല
താപസന്റെ
ശാപമേറ്റു വാങ്ങാതെ



എനിക്ക് നിന്നോട് പറയാനുള്ളത് ..

എനിക്ക് നിന്നോട് പറയാനുള്ളത് ......
--------------------------------------
യാത്രകള്‍
വഴി തെറ്റുകയാണ്
ആത്മാവില്‍ നിറച്ചതും
മനക്കണ്ണില്‍ കുറിച്ചതും
വളവുകളും ചുഴികളു മില്ലാത്ത
നേര്‍ വഴികളായിരുന്നു 
യാത്രയുടെ ഏതോ സന്ധ്യയില്‍ 
വഴിയമ്പലത്തില്‍ പരിചയപ്പെട്ട 
പുതു പാതകള്‍
എന്റെ നേര്‍ വഴികളില്‍  
കുഴികളും ചുഴികളും തീര്‍ക്കുന്നത്
എന്തേ ഞാന്‍ അറിയാതെ പോയി ...?!
ഇപ്പോള്‍ 
വേദന ...........
യാത്രക്ക് കൂട്ടായി
നീറ്റുന്ന വേദന മാത്രം........!!
അഗാധ ഗര്‍ത്തങ്ങളിലേക്ക്‌
ആരോ തള്ളി വീഴ്ത്തുമ്പോള്‍
അത് നീ യാണെന്ന തിരിച്ചറിവ്
എന്നില്‍
മറ്റൊരു വേദനയായി പുകയും മുന്‍പ് ,
എന്റെ ആത്മാവ് കൊതിക്കുന്നത്
നിന്റെ കരുണയിറ്റുന്ന കടാക്ഷം 
എന്റെ വിറങ്ങലിച്ച വിരലുകള്‍ക്ക്
ഒരു തലോടലായെങ്കില്‍ എന്ന് മാത്രം .
എന്റെ യാത്രകളില്‍ 
നീയെനിക്ക് കൂട്ടായിരുന്നില്ലെങ്കിലും
നിന്നിലേക്കുള്ള യാത്രയിലെങ്കിലും
എന്റെ വഴികളില്‍
കുഴികളും ചുഴികളും ഇല്ലായിരുന്നെങ്കില്‍ എന്ന്
ഞാന്‍ ആഗ്രഹിക്കുന്നത്
വെറുതെയാണെന്നറിയാം
കാരണം 
നിന്നിലേക്കുള്ള വഴികളാണല്ലോ
എനിക്കെപ്പോഴും തെറ്റിക്കൊണ്ടിരിക്കുന്നത്
നിന്നിലേക്കുള്ള ദൂരങ്ങളാണല്ലോ
എന്റെ മനക്കണക്കുകള്‍
തെറ്റിച്ചുകൊണ്ടിരിക്കുന്നത്





2012, ജൂലൈ 12, വ്യാഴാഴ്‌ച

വാളുകള്‍....

വാളുകള്‍ വഴി തുറക്കുന്നത്
ചോര പ്പാടങ്ങളിലേക്കാണെങ്കിലും
ചിലപ്പോഴെങ്കിലും
അവ വഴി യടക്കാറുമുണ്ട്
ചോരക്കൊതിയുടെ
ഇരുണ്ട വഴികള്‍ 

വാളുകള്‍ മറക്കുന്നത്
നീതിയുടെ നിയമങ്ങളാണെങ്കിലും
നിയമത്തിന്റെ വഴികള്‍
ഒര്മിപ്പിച്ചതും
മൂര്‍ച്ചയുള്ള വാളുകളായിരുന്നു

വാളുകള്‍ ലംഘിക്കുന്നത്
ധര്‍മത്തിന്റെ പരിധികളാണെങ്കിലും
പുരാണങ്ങളില്‍
അധര്‍മത്തിനു പരിധി തീര്‍ത്തതും
തിളങ്ങുന്ന വാളുകളായിരുന്നു

വാളുകള്‍ ചിരിക്കുന്നത്
കരയിക്കാനാണെങ്കിലും
ചില കരച്ചിലുകളെ
ലോകത്തിന്റെ ചിരിയാക്കിയതും
 കരുത്തുള്ള വാളുകളായിരുന്നു

2012, ജൂലൈ 10, ചൊവ്വാഴ്ച

വ്രതകാല ചിന്തകള്‍



വ്രതം  വിളിച്ചോതുന്നത്‌
വിപ്ലവത്തിന്റെ വഴികളാണ്
വിശുദ്ധ വേദത്തിന്റെ
വെളിച്ചം നുകര്‍ന്ന്
വിരിയിച്ചെടുക്കുന്ന 
വിചാര വിപ്ലവത്തിന്റെ
വിശേഷ വഴികള്‍ ...!!

വ്രതം വിരല്‍ ചൂണ്ടുന്നത്
വിശന്ന വയറുകളിലെക്കും
വിലാപമൂറിയ കണ്ണുകളിലേക്കുമാണ്
വിശപ്പ്‌ തീര്‍ന്ന് വീര്‍ത്ത വയറും
വിതുമ്പലറിയാതെ വിടര്‍ന്ന കണ്ണും
വിപ്ലവത്തിന്റെ വഴിയില്‍
വിലക്കപ്പെട്ടതെന്ന അറിവിലേക്കാണ് ..!!

വ്രതം വഴി നടത്തുന്നത്
വിമോചനത്തിന്റെ വീഥിയിലേക്കാണ്
വെറുപ്പിന്റെ വിഷ വീഥിയില്‍ നിന്നും
വിനയത്തിന്റെ വഴി മുടക്കുന്ന
വിദ്വേഷ ഭാരങ്ങളില്‍ നിന്നും
വിതണട വാദങ്ങളില്ലാത്ത
വിശിഷ്ട വേദത്തിലേക്കും
വെളിച്ചം സമുദ്രം തീര്‍ക്കുന്ന
വറ്റാത്ത സ്വര്‍ഗത്തിലേക്കുമുള്ള
വിമോചനത്തിന്റെ രാജപാതയിലേക്ക് ....!!

വ്രതം വിളിച്ചുണര്‍ത്തുന്നത്
വിശുദ്ധിയുടെ വെളിച്ചത്തിലെക്കാണ്
വെടിപ്പുകെട്ട തിന്മയുടെ ഇരുട്ടില്‍ നിന്ന്
വഴിഞ്ഞൊഴുകുന്ന നന്മയുടെ നറുനിലാവിലേക്ക്
വരിഞ്ഞു മുറുക്കിയ കെട്ടു ഭാരങ്ങളില്‍ നിന്ന്
വിശാലത പേറുന്ന സ്വര്‍ഗ്ഗ വാതില്‍ക്കലേക്ക് ...!!

വ്രതം വലിച്ചടുപ്പിക്കുന്നത്
വിധാദാവിന്റെ സവിധത്തിലേക്കാണ്
വ്രതത്തിന്റെ വിഹിതം
വിടര്‍ത്തിത്തുറന്ന 'റയ്യാന്‍ '*കവാടമാണ്
വ്രതത്തിന്റെ ഫലമോ...
വിലക്കറിയാത്ത 'ഫിര്‍ദൌസിലെ'** ഗേഹമാണ്
വ്രതത്തിന്റെ ലക്‌ഷ്യം
വിനയം തുളുമ്പുന്ന ഭക്തിയാണ്
വ്രതം എന്നോടുണര്‍ത്തുന്നത്
വിപ്ലവത്തിന്റെ വാതില്‍ തുറക്കാനാണ്
വിലാപത്തിന്റെ വാതിലുകള്‍ അടക്കാനും ......!!
----------------------------------------------------------
*റയ്യാന്‍ = ഭക്തിയോടെ നോമ്പനുഷ്ടിച്ചവര്‍ക്ക് പ്രവേശിക്കാനുള്ള സ്വര്‍ഗ്ഗവാതില്‍
**ഫിര്‍ദൌസ് = സ്വര്‍ഗത്തിലെ അത്യുന്നത സ്ഥാനം


ഒഴുക്കില്ലാതെ എന്നെ 
ഈ തടാകത്തില്‍ തളച്ചിടുന്നത് 
നീ ബാക്കിവെച്ച പ്രണയവും
നിന്നെ യോര്‍മിപ്പിക്കുന്ന
മാദക ഗന്ധവും മാത്രമല്ല 
ഉച്ചവെയിലില്‍
ഈ വെള്ളത്തിലലിയുന്ന 
നിന്റെ ചൂടും 
അസ്തമയത്തില്‍
ചക്രവാളത്തില്‍ നിറയുന്ന 
നിന്റെ നിറവും
രാക്കാറ്റില്‍ വീശിയറിയിക്കുന്ന
നിന്റെ കുളിരും
നീ ഭാക്കി വെച്ചത് 
ഇവിടെയാണെന്നത്
മറന്നുകൊണ്ട്
ഞാനെങ്ങിനെ ഒഴുകാനാണ്‌

2012, ജൂലൈ 8, ഞായറാഴ്‌ച

"അ" കാല കാഴ്ചകള്‍ ....



"അ" കാല കാഴ്ചകള്‍  .... 
********************
ആര്‍ത്തി പൂത്ത നേരത്താണ്

അവള്‍ പണി തേടി പ്പോയതും 
അഴുകിയ രുചിഭേദങ്ങള്‍ 
'അതിവേഗ ഭക്ഷണ'മായതും   

അവളുടെ ഫെമിനിസ ക്കാഴ്ചയിലാണ് 
അടുക്കളക്ക് താഴ് വീണതും 
അലക്കിയൊരുക്കിയ ബ്രേസിയര്‍ 
സിറ്റൌട്ടില്‍ ഉണക്കാനിട്ടതും 

അല്പത്തം അലങ്കാര മാക്കിയ കാലത്താണ് 
ആംഗലേയം അഹങ്കാരം തീര്‍ത്തതും 
അടിച്ചിറക്കപ്പെട്ടവന്റെ കൌപീനം 
ആഭരണമാക്കിയവന്‍ നാട് വാണതും 

ആസക്തി മൂത്ത ലോകത്താണ് 
അമ്മത്തൊട്ടിലില്‍ കുഞ്ഞു കരയുന്നതും 
അന്തേവാസി എന്ന വിളിപ്പേര് കേട്ട് 
അച്ഛനു മമ്മയും 'സദനത്തില്‍' ഉണര്‍ന്നിരിക്കുന്നതും 

അയല്‍വാസി അസ്വസ്ഥത യായപ്പോഴാണ് 
അസൂയയുടെ ഫ്ലാറ്റുകള്‍ ഉയര്‍ന്നതും 
അടുപ്പങ്ങളും ഇമ്പങ്ങളുമില്ലാതെ  
അവര്‍ അണുകുടുംബം പണിതതും 

ആശകള്‍ അതിരറുക്കുന്നതാണ് 
അവിഹിതം വീട്ടകം വാഴുന്നതും 
ആസക്തി തീരാതെ 
ആത്മാവ് അലഞ്ഞു തിരിയുന്നതും 

2012, ജൂലൈ 6, വെള്ളിയാഴ്‌ച

വിളിച്ചുണര്‍ത്തുന്ന സ്വപ്‌നങ്ങള്‍ ......


വസന്തങ്ങളെ വിരിയിക്കുന്നത്
വായിട്ടലക്കുന്ന സംഘങ്ങളല്ല
വിലക്ക് തീര്‍ക്കുന്ന തെരുവുകളിലും
വിളിച്ചുണര്‍ത്തുന്ന സ്വപ്നങ്ങളാണ്

അറബിത്തെരുവുകള്‍ 
ആര്‍ത്തറിയിക്കുന്നത്
വരാനിരിക്കുന്ന വസന്തവും
വീശിത്തുടങ്ങിയ സുഗന്ധവുമാണ്

അഹന്തയുടെ കോട്ടകള്‍ക്കുള്ളില്‍
അടുക്കളയെ ഭരണ മേല്‍പ്പിച്ച്
അതൃപ്പങ്ങള്‍ തേടി പ്പോയ
അഹങ്കാരങ്ങല്‍ക്കറുതി പാടുന്ന വസന്തം...

അഭിമാനം പണയപ്പെടുത്തി
അടിമത്വം വിലക്ക് വാങ്ങാന്‍
അറബിപ്പോരിശയെ നാണം കെടുത്തിയ
അട്ടിപ്പേറുകളെ നീക്കും സുഗന്ധം ......

ടുണീഷ്യ യാണ് അഗ്നി നിറച്ചത്
ലിബിയയിലാണ് ഊതിപ്പരത്തിയത്
നൈലിന്റെ തീരത്താണ് പടര്‍ന്നു കത്തിയത്
*'തവക്കുലാ'ണ് ഉയര്‍ന്നു നിന്നത്
സിറിയ യാണിന്നു സുഗന്ധം തേടുന്നത്

വിശന്നൊട്ടിയ വയറുകളല്ല
വിനോദ മറിയാത്ത കണ്ണുകളുമല്ല
വിലക്കപ്പെട്ട സ്വപ്നങ്ങളാണ്
വസന്തത്തിന്റെ വാതില്‍ തുറന്നത്

മറയി ട്ടൊതുക്കിയ  വസന്തങ്ങളും
മൂടിയിട്ടമര്‍ത്തിയ സുഗന്ധങ്ങളും
മോചനത്തിന്റെ ഗീതം പാടി
മോക്ഷ മാര്‍ഗമുണര്‍ത്തുന്നുണ്ട്

അതിരിട്ടമര്‍ത്തിയ സ്വാതന്ത്ര്യവും
അടച്ചുപൂട്ടിയ സ്വപ്നങ്ങളും
അഹന്ത പാടിയ ഭരണങ്ങളും
അറബിത്തെരുവുകള്‍ മറക്കാനിരിക്കുന്നു

പാതകള്‍ കാതോര്‍ത്തിരിക്കുന്നത്
പറഞ്ഞു കേട്ട ചരിത്രങ്ങളാണ്
പോരാളിക്ക് കരുത്തേകുന്നത്
പെയ്തിറങ്ങിയ സത്യങ്ങളാണ്...
-----------------------------------
*തവക്കുല്‍ = യമന്‍ വിപ്ലവ പോരാളിയും നൊബേല്‍ സമ്മാന ജേതാവുമായ "തവക്കുല്‍ കര്മാന്‍ "
  തവക്കുല്‍ = ദൈവത്തിലുള്ള ആത്മ വിശ്വാസം

2012, ജൂലൈ 4, ബുധനാഴ്‌ച

മരം




മരം
ഒരു വര മാണെന്ന്
വീടിനു സ്ഥാനം കുറിക്കുമ്പോള്‍
വരിക്ക പ്ലാവിന്റെ  വേരില്‍
കണ്ണ് വെച്ച് മൂത്താശാരി

സ്വര മാണെന്ന്
മാമ്പഴം നുകരുന്ന
അണ്ണാനും കുരുവിയും

നിറ മാണെന്ന്
ഒടിഞ്ഞ ശിഖരങ്ങളില്‍
മരുന്ന് വെക്കുന്ന മഞ്ഞു തുള്ളി 

തണലാ ണെന്ന്
ഹര്‍ത്താല്‍ ദിനത്തില്‍
വഴിമുടങ്ങിയ പ്രവാസി

കുളിരാണെന്നു
മരം ചുറ്റുന്ന
പ്രണയ ജോഡി

കനിവാണെന്നു
കെട്ടി ത്തൂങ്ങിയ
കമിതാക്കള്‍

മറയാണെന്ന്
മൂത്രമൊഴിക്കുന്ന
ശുനകന്‍

മരണ മാണെന്ന്
ചിതയൊരുക്കുന്ന
പൂജാരി

'പണി' യാണെന്ന്
കരണ്ടാപ്പീസിലെ
കരാര് കാരന്‍

"മരം"
ഒരു കവിത യാണെന്ന്
ഞാന്‍

2012, ജൂലൈ 3, ചൊവ്വാഴ്ച

വിത്തും വിതയും ...

വയലുകള്‍ കരയുന്നത് 
വിത്തും വിതയു മില്ലാത്തതല്ല 
വിപത്തിന്റെ വിള യിറക്കാന്‍
'വിത്തു കാള ' നല്‍കിയ വിഷവിത്തുകള്‍ 
വയലുകളില്‍ കുത്തി നിറച്ചതാണ് 

വയലുകള്‍ വരളുന്നത്‌ 
വെള്ളം  കിനിയാത്തതല്ല 
വിത്ത്‌ നല്‍കാത്ത വിളകളും 
വീര്‍ത്തു ചീര്‍ത്ത മക്കളും 
ഗര്‍ഭത്തിലൂറുന്നതോര്‍ത്താണ് 

വയലുകള്‍ വിതുമ്പുന്നത് 
വളം കിട്ടാതെ വിശന്നിട്ടല്ല 
വിരുന്നായി പ്പോലും -നീ 
വരമ്പിലിരുന്നൊന്ന് കാണാനും 
വിള തൊട്ടൊന്നു  തഴുകാനും വരാത്തതാണ് 

വയലുകള്‍ വിളറുന്നത് 
വിളകള്‍ക്ക് വില കിട്ടാത്തതല്ല 
വിരുന്നു വന്നവര്‍ വിരുതു കാട്ടി 
വിത്തെറിഞ്ഞവരുടെ വില കെടുത്തി 
വിള കവര്‍ന്ന് ഒളിപ്പിച്ചതാണ് 

വയലുകള്‍ മരിക്കുന്നത് 
വെട്ടും  കിളയു മില്ലാത്തതല്ല 
വില്‍ക്കപ്പെട്ട വിദൂഷകരും 
വിശപ്പറിയാത്ത ഭരണക്കാരും 
വിളകള്‍ക്ക് വിലയിടിച്ചു രസിക്കുന്നതാണ് 

വയലുകള്‍ കരയാതിരിക്കാന്‍ 
വിത്തുകള്‍ കാത്തു വെക്കുക  
വയലുകള്‍ വരളാതിരിക്കാന്‍ 
'വിത്തില്ലാത്ത വിള'കള്‍ക്ക് 
വഴിയടച്ച്  കാവലിരിക്കുക 

വയലുകള്‍ പൊട്ടിച്ചിരിക്കാന്‍ 
വരമ്പുകളില്‍ വിനോദം കാണുക 
വയലുകളുണങ്ങാതിരിക്കാന്‍ 
'വമ്പന്‍ ' മാരെ വഴി തടയുക 
വയലുകള്‍ മരിക്കാതിരിക്കാന്‍ 
വിശപ്പറിയാത്തവരെ വിശപ്പറിയിക്കുക 




2012, ജൂലൈ 2, തിങ്കളാഴ്‌ച

വാക്കും വഴിയും


തഴുകിയ വാക്കിലും
താങ്ങിയ നോക്കിലും
കനിവായിരുന്നെന്നു
അമ്മ

കേട്ട വാക്കിലും
കണ്ട നോട്ടങ്ങളിലും
കൂട്ടലും ഗുണിക്കലു മാണെന്ന് 
മകള്‍

പറഞ്ഞ വാക്കിലും
എറിഞ്ഞ നോക്കിലും
കവിത കണ്ടെന്നു
കാമുകി

തുറന്ന വാക്കിലും
തന്ന നോക്കിലും
കള്ള മായിരുന്നെന്ന്
ഭാര്യ


കവിത


കവിത 
-----------------
വാക്കുകള്‍ക്കു 
വാളിന്റെ മൂര്‍ച്ച കിട്ടാന്‍ 
വിപ്ലവ ക്കവിതകള്‍ വായിച്ചാണ് 
വാക്കിന്റെ മുനയൊടിഞ്ഞതും
കണ്ണിന്റെ കാഴ്ച്ച മുറിഞ്ഞതും

വരികളില്‍
അഗ്നി നിറയ്ക്കാനാണ്
തീ പിടിച്ച ചിന്തകള്‍ തേടി
'ഇസ'ങ്ങളുടെ ശവപ്പുരകളില്‍
കാത്തിരുന്നതും മഴ നനഞ്ഞതും

വഴികളില്‍
കവിത വിതക്കാനാണ്
മൂപ്പെത്താത്ത വാക്കുകള്‍
വരികള്‍ക്കിടയില്‍ ഉണക്കാനിട്ടതും
വിത്തെടുത്ത് കഞ്ഞി വെച്ചതും

കവിതയുടെ ചാകര
പുഴയിലാണെന്നു കേട്ടാണ്
ചൂണ്ട വാങ്ങിയതും
കോര്‍ക്കാന്‍ 'ഇര' കിട്ടാതെ
കാട് കയറിയതും

കവിതയില്‍
ജീവിത മുന്ടെന്നറിഞ്ഞാണ്
കള്ളു മോന്തിയതും
കഴുക്കോലില്‍
കുരുക്കൊരുക്കിയതും ...

2012, ജൂലൈ 1, ഞായറാഴ്‌ച

ബലൂണ്‍


ബലൂണ്‍
------------------
വിസ്മയം തീര്‍ത്തത്
വിഷം പുരണ്ട
ചുണ്ടും നാവും
മത്സരിച്ചൂതിയിട്ടും
പത്തി വിടര്‍ത്തിയപ്പോള്‍ .........

അലങ്കാര മായത്
പ്രവേശനോല്‍സവത്തില്‍
കരഞ്ഞു തളര്‍ന്ന കുട്ടി
ബലൂണി നായി വീണ്ടും
കരയാന്‍ തുടങ്ങിയപ്പോള്‍

കൌതുക മായത്
പൂരപ്പറമ്പില്‍
ദേവനെ തേടിയ
ദേവിയുടെ നെഞ്ചില്‍
ഒളിപ്പിച്ചു വെച്ചപ്പോള്‍


അശ്ലീല മായത്
അലങ്കരിച്ച പന്തല്‍ പുരയില്‍
സ്ത്രീധന പ്പെട്ടിക്കു
സ്വാഗതം ചൊല്ലാന്‍
കാത്തു നിന്നപ്പോള്‍

അനുഷ്ഠാന മായത്
സ്വാതന്ത്ര്യ ദിനത്തില്‍
ഉയര്‍ത്തിക്കെട്ടിയ
കൊടിക്ക് കീഴെ 
വെയില് കൊണ്ട് നിറം മങ്ങി 
പൊട്ടിത്തെറിച്ച രാജ്യ സ്നേഹം 
സട കുടഞ്ഞപ്പോള്‍ 


ഊറി ച്ചിരിച്ചത്
ഊതി വീര്‍പ്പിച്ച ബലൂണുകള്‍
ഊക്കു കാട്ടി പ്പാഞ്ഞ്
മെലിഞ്ഞുണങ്ങിയ
സൂചി ത്തുമ്പിനോട്
യുദ്ധം പറഞ്ഞപ്പോള്‍
 

പടിപ്പുര

പടിപ്പുര 
--------------
അടച്ചു പൂട്ടിയ പടിപ്പുരകള്‍ 
അടച്ചിടുന്നത് 
കാത്തു വെച്ച സൌഹൃദങ്ങളെ , 
അകറ്റി നിര്‍ത്തുന്നത് ഓര്‍ത്തു വെച്ച ബന്ധങ്ങളെ 
അറുത്തു മാറ്റുന്നത് പെയ്തു തീരാത്ത സ്നേഹങ്ങളെ
അടിച്ചിറക്കുന്നത് മനസ്സറിഞ്ഞ വിനയങ്ങളെ 

അഹങ്കാരത്തിന്റെ വന്‍ മതിലുകള്‍ കെട്ടി 
അടിയാത്തി പ്പെണ്ണിനെ തടഞ്ഞു നിര്‍ത്താന്‍ 
അരുതായ്മകള്‍ ഒളിപ്പിചൊതുക്കാന്‍
അവകാശങ്ങള്‍ തച്ചുടക്കാന്‍
ആഡ്യ ത്ത്ത്തില്‍ തീര്‍ത്ത പടിപ്പുരകള്‍
അലിവിന്റെ നിഷേധമാണ്



പടിപ്പുരകള്‍ നിന്റെ പതന മാകുന്നത്
പശി പേറി വന്ന കുഞ്ഞിനെ ക്കാണാതെ
പടം വിരിച്ചു നീ ഉണ്ണാനിരുന്നപ്പോള്‍......
പടിപ്പുരകള്‍ നിന്റെ അറിവുകേടായത്
പുറം വെന്ത പെണ്ണിന്റെ അകം വെന്ത കണ്ണുനീര്‍
പറഞ്ഞിട്ടു മറിയാത്ത പോല്‍
പാട്ടു പുരയിലെ "ആട്ട" മോര്‍ത്തിരുന്നപ്പോള്‍ .



വിളിച്ചു കൂട്ടുക .........
"വിധി" പറഞ്ഞുറക്കിയ ചെറു മക്കളെ
പൊളിച്ചു മാറ്റുക .............
പൊങ്ങച്ച ത്തിന്റെ പടി പ്പൂട്ടുകള്‍
അടിച്ചിറക്കുക .........
അഹങ്കാരത്തിന്റെ പൈതൃകങ്ങള്‍
ഓര്‍മപ്പെടുത്തുക ..........
ഓടിയെത്തുന്ന മാറ്റങ്ങളെ

വീണ്ടെടുപ്പിന്റെ യുദ്ധം


പുതിയ കാലത്തി-നിയുള്ള യുദ്ധം 
അണിയിച്ചൊരുക്കിയ അടുക്കളയിലാണ്
അന്നത്തില്‍ വിഷം കലക്കിയാല്‍ 
അടിമത്ത്വം സ്വയം വരിക്കുമെന്ന്
ഉടമസ്ഥര്‍ അറിഞ്ഞിരിക്കുന്നു 

എന്റെ വായുവില്‍ വിഷം പരത്തി  
നിന്റെ കുഞ്ഞിന്റെ തല പെരുപ്പിച്ചവര്‍ 
കനിവിന്റെ ഉറവകള്‍ ഊറ്റി യുണക്കി
നന്മയുടെ വിളനിലം മോഷ്ടിച്ചവര്‍
അറിഞ്ഞിരിക്കുന്നു
കാടി ക്കഞ്ഞിയില്‍ വിഷം കലക്കിയും
മൂടി ക്കുടിക്കുന്നവരെ വിലക്കെടുക്കാമെന്ന്

അന്ത മില്ലാത്ത ഭരണങ്ങളും
അച്ഛനില്ലാത്ത കുഞ്ഞുങ്ങളു മുളള നാട്ടില്‍
വയലുകള്‍ ഉണക്കിച്ചുട്ട്
വയറുകള്‍ വിലക്കെടുക്കാമെന്ന്
വിത്ത്‌ കച്ചവടക്കാരും തിരിച്ചറിഞ്ഞു

പക്ഷികള്‍ വിതക്കാത്തതും
പറവകള്‍ കൊയ്യാത്തതും
പാഠ മായി പാടിത്തന്ന്
നിന്നെ യവര്‍ അടിമയാക്കി
പട്ടി മോങ്ങുന്നതും പള്ള കരിയുന്നതും
വിശപ്പു കൊണ്ടല്ലെന്ന് നീ
നീട്ടി പ്പാടി വാലാട്ടു മെന്നും

ഉടമകള്‍ പഠിച്ചിരിക്കുന്നു

വില്‍ക്കപ്പെട്ട അടുക്കളകള്‍
വീണ്ടെടുക്കാതെ കഴിയില്ലിനിയും
വിഷം നിരത്തിയ തീന്‍ മേശകള്‍
തലമുറകളുടെ യുദ്ധ ഭൂമി തന്നെ
നീ കുത്തിയുടച്ച മണ്‍ കുടങ്ങള്‍
നിന്കായ് കാത്ത പൈതൃകങ്ങള്‍
നീ പുകഴ്ത്തി പ്പാടുന്ന രുചിഭേദങ്ങള്‍
നിന്നെ ത്തേടുന്ന അടിമത്വം

വരും തലമുറയുടെ വിശപ്പകറ്റാന്‍
വിശപ്പറിഞ്ഞു നീ വീണ്ടെടുക്കുക
നീ വിറ്റ നിന്റെ കുഞ്ഞടുക്കള
നീ ഉടച്ച എന്റെ മണ്‍ കുടങ്ങള്‍
നീ മറന്ന നിന്റെ മുത്തശ്ശിയുടെ
പുളിങ്കറി ച്ചൂരും സംഭാര രുചിയും
വീണ്ടെടുക്കുക .......

അക്ഷരത്തെറ്റ്

മുനയൊടിഞ്ഞ 
പേനത്തുമ്പില്‍ 
ഒലിച്ചിറങ്ങിയ 
മഷിപ്പരപ്പ്
സദ്യ മോഹിച്ച 
കടലാസ് കെട്ടിന് അക്ഷരത്തെറ്റുകള്‍ 
വിളമ്പി നല്‍കി , 

ചുമട്



അടിമയുടെ ചിന്തകള്‍ 
തലച്ചുമട് പേറി 
ഇരകള്‍ കുതിച്ചു പായുന്നത് 
വേട്ടക്കാരന്‍ വെട്ടിയൊരുക്കിയ 
പുത്തന്‍ പെരുമ്പാതകളിലൂടെ .....!!



റീത്ത്

താരങ്ങളെ കിനാവ്‌ കണ്ട 
ചെറു മീനിനോട്
ശലഭങ്ങള്‍ക്ക് പിറകെ പ്പാഞ്ഞ 

കാറ്റ് ചൊല്ലി 
ഒരു റീത്തൊരുക്കി 

മാല ചാര്‍ത്താന്‍ 
കൈ തരിക്കുമ്പോള്‍ 
ഇവര് വഴികാട്ടും 

പൂവുള്ളിടത്തേക്ക്

വിഷം


ഇന്നത്തെ പ്രഭാതവായനയില്‍
വേട്ടക്കാരുടെ ആര്‍പ്പു വിളികള്‍ക്കും
ഇരകളുടെ കൂട്ടക്കരച്ചിലിനും ഇടയില്‍ 
ഗുണ്ടകളുടെ കവിതയില്‍ നിന്നാണ് 
എന്റെ മനസ്സില്‍ വിഷം തീണ്ടിയത്