2010, ഒക്‌ടോബർ 25, തിങ്കളാഴ്‌ച

മണം


ഇര കിട്ടാതെ വലഞ്ഞ പട്ടി  
ഇടവഴിയിലിരുന്നു കുരച്ചുതുപ്പി 
ഏതോ അറവു പുരയിലുയര്‍ന്ന 
കത്തിയുടെ സംഗീതം
കുടല് കീറുന്ന മണത്തിനു വഴിമാറി
ജന്മ വാസന പട്ടിക്കു തുണയായപ്പോള്‍ 
ഒഴുകി പ്പരന്ന ചോര 
കാലിന്റെ വേഗത കൂട്ടി  
ഓട്ടത്തിനിടയിലും പട്ടി മണംപിടിച്ചു 
"പെണ്ണാടിന്റെ" മണം ........
കൊതി പേറിയെത്തിയ കണ്ണുകളില്‍ 
നിരാശ 
അടഞ്ഞു കിടക്കുന്ന അറവു മാടം,
ഉണങ്ങി ത്തുടങ്ങിയ ചോരപ്പാടുകള്‍ ,
പിറകില്‍ 
പേറ്റുമണം മാറാത്ത ആട്ടിന്‍കുട്ടി
ഉണക്കാനിട്ട തുകലില്‍
അമ്മയുടെ 'മുലപ്പാട്' നോക്കി കരയുന്നു 
കരളലിഞ്ഞു 
വിശപ്പ്‌ പേറിയോടുമ്പോള്‍ 
വീണ്ടും കത്തിയുരക്കുന്ന ശബ്ദം
ആട്ടിന്‍ കുട്ടിയുടെ അലര്‍ച്ച...........
അമ്മയുടെ മാംസം തിന്നവര്‍ 
ലഹരിയില്‍ 
മകളുടെ അടിവയര്‍ തുരക്കുന്നു
പാവം പട്ടി വീണ്ടും കുരച്ചു
കുര കേട്ടാലറിയാം ,വിശന്നിട്ടല്ല ........
വിശന്നിട്ടാവില്ല ................!!




 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ