2010, ജൂലൈ 26, തിങ്കളാഴ്‌ച

അഹങ്കാരി

"സൂര്യന്‍ " അഹങ്കാരത്തോടെ കിഴക്ക് നിന്നും യാത്ര തുടങ്ങി
തന്റെ താഴെ , ചെറു ജീവികളെ കണ്ടു  ...
ഒന്നുകൂടി പെരുപ്പിച്ച ഗര്‍വോടെ കണ്ണ് മിഴിച്ചു
ഞാനാണ് ശക്തന്‍ ..........
എന്റെ വെളിച്ചമില്ലെങ്കില്‍ നിങ്ങളൊക്കെ ഇരുട്ടില്‍ തന്നെ
എന്റെ ചൂടില്ലെങ്കില്‍ നിങ്ങള്‍ തണുത്തു മരിക്കും
ഞാനോന്നടുത്തു വന്നാല്‍ നിങ്ങള്‍ കരിഞ്ഞു പോകും
എന്റെ ഊര്‍ജമില്ലെങ്കില്‍ നിങ്ങള്‍ക്കു ഭക്ഷണമില്ല
ഞാനില്ലെങ്കില്‍ നിങ്ങളില്ല.....
         എല്ലാം കേട്ട "മേഘം" പതുങ്ങി വന്നു പറഞ്ഞു
         ഞാനുണ്ടെങ്കില്‍ നീയാരുമല്ല
         നിന്റെ വെളിച്ചത്തെ മറയ്ക്കാന്‍ .........
         നിന്റെ ചൂടിനെ തടയാന്‍ .......
         നിന്നെ ത്തന്നെ അകറ്റാന്‍ എനിക്കാവും,
         ഞാനുണ്ടെങ്കില്‍ പിന്നെ നീയില്ല
ഒളിച്ചിരുന്ന "കാറ്റ്" കുതിച്ചുവന്നു..
ഉശിര് പറഞ്ഞ മേഘം ദൂരേക്ക്‌ തെറിച്ചു വീണു
ഞാനുള്ളപ്പോള്‍ പിന്നെ നീയാര്......?
നീ എന്റെ കീഴാളന്‍ , നിന്നെ ഞാന്‍ നയിക്കും
എന്നെ വെല്ലാന്‍ ആരുമില്ല ,
എന്നെ തടഞ്ഞാല്‍ ഞാന്‍ വീശിയടിക്കും
          ധ്യാനം മുടങ്ങിയ "പര്‍വ്വതം"തലയുയര്‍ത്തി കാറ്റിനോട്
          എന്റെ മുമ്പില്‍ നീയാര് ...?
          നിന്നെ തടയാന്‍,
          നിന്റെ വഴിമുടക്കാന്‍, എനിക്കാവും
          എന്നെ ക്കണ്ടാല്‍ നീ വഴി തിരിഞ്ഞോടും
          എന്റെ കരുത്തില്‍ നീയാരുമല്ല
കേട്ടുനിന്ന "കുട്ടി" ചിരിച്ചു
ഞങ്ങള്‍ മനുഷ്യരുടെ ബുദ്ധിക്ക് മുമ്പില്‍ നീയാര് ....?
നിന്റെ ഹൃദയം തുരന്നു ചോരയൂറ്റാന്‍...........
നിന്റെ പുറം ചവിട്ടി നടുവൊടിക്കാന്‍.............
നിന്നെ അടിയോടെ കോരി കടലിലെറിയാന്‍.....
എനിക്കാവും
           കാത്തുനിന്ന "ഉറക്കം" അടുത്തുവന്നു
           കുട്ടീ ...... നിന്നെ തളര്‍ത്താന്‍ എനിക്കാവും
           നിന്റെ ബുദ്ധിയെ ഞാനുറക്കും
           എന്നെ തടയാന്‍ നിനക്കാവില്ല
ദൂരെ മാറിക്കരയുന്ന "പെണ്ണ്" തിരിഞ്ഞുനിന്നു
ഹേയ്‌.... ഉറക്കം...........
നീയല്ല ശക്തന്‍
എന്നെ കീഴ്പെടുത്തിയ "ദുഃഖ"ത്തെ നോക്കൂ
"ഉറക്ക"മെന്ന നിന്നെ തടയാന്‍ അവനാവും
കണ്ടില്ലേ , ദുഃഖം കീഴ്പെടുത്തിയ എന്നെ ........
ഞാന്‍  നിന്നെ പ്രണയിച്ചിട്ടും നിനക്കെന്നെ തഴുകാനായില്ല
യഥാര്‍ത്ത ശക്തന്‍ ദുഖമാണ്
                 കേട്ടുനിന്ന ദുഃഖം വിനയത്തോടെ ചൊല്ലി
                  എന്നെയും തോല്‍പ്പിക്കുന്ന ഒന്നുണ്ട്
                  എന്താണത്.............??
                  എല്ലാവരും ഒന്നിച്ചു ചോദിച്ചു
                   "ഈശ്വര സ്മരണ"
                   കേട്ടിട്ടില്ലേ .............
                "   അലാ ബി ദികിരില്ലാഹി തത് മ ഇന്നല്‍ ഖുലൂബ് "

2010, ജൂലൈ 11, ഞായറാഴ്‌ച

കളി തന്നെ കാര്യം ....

കളി കഴിഞ്ഞു ഇനി കാത്തിരിപ്പാണ് ,അടുത്ത ഊഴത്തിനായി നാലുവര്‍ഷം കഴിയണം സ്പെയിനിന്റെ ഭാഗ്യം പ്രവചിച്ചത് കളിക്കാരല്ലെന്നും മറിച്ച് പോള്‍ എന്ന നീരാളിപ്പയ്യനാനെന്നും പറഞ്ഞു കളിക്കാരെ കൊച്ചാക്കുന്ന 'കളി' പുറത്തു നടക്കുന്നുണ്ട് ഗ്രൌണ്ടിലെ കളിയേക്കാള്‍ ലാഭം പുറത്തെ കളിയാണെന്ന് കളിയെഴുത്തുകാര്‍ പറയുന്നു. ഒരു നീരാളിയും ഒരു മണിത്തത്തയും ലോക ഫുട്ബാളിന്റെ ഭാവി പ്രവചിക്കാന്‍ മാത്രം വളര്‍ന്ന കാര്യം നമ്മള്‍ നിഷേധിച്ചിട്ട് കാര്യമില്ല, ഒടുവില്‍ ഇന്ന് "ഞാനോ നീയോ "എന്ന് വാശി പിടിച്ചപ്പോള്‍ കൊമ്പ് കൊര്‍ക്കാതിരുന്നത് പോളിനും മണിക്കും അതില്ലാത്തത് കൊണ്ടാവാം , എന്നാലും പുറത്തു "തത്തപൂജകരും നീരാളി ഫാന്‍സും " തികഞ്ഞ ഗുസ്ത്തി പിടുത്തമായിരുന്നു , തത്തക്ക്‌ വെറുതെ പോയി ഒരു ചീട്ടെടുത്താല്‍ പിന്നെ പണിയൊന്നുമില്ല , നീരാളിക്ക് ശാപ്പാടടിച്ച് കിടന്നുറങ്ങാം, ഉറക്കം വരാതെ മനുഷ്യര്‍ ഇവിടെ ക്കിടന്നു ടെന്ഷനടിക്കുന്നത് മുന്‍കൂട്ടിക്കാണാന്‍ പാവം ജീവികള്‍ക്കാവുന്നില്ല, അതോ ഈ വിഡ്ഢികള്‍ പൊരുതി മരിക്കട്ടെ എന്ന് കരുതിക്കാണുമോ ..........,
സത്യത്തില്‍ കളിക്കാരെ കൊച്ചാക്കുന്ന,മാനസികമായി തകര്‍ക്കുന്ന ,ഈ മഷിനോട്ടം എന്നേ നിരോധിക്കെണ്ടാതായിരുന്നു, ജയവും തോല്‍വിയും "നീരാളിപ്പിടി"യിലായാല്‍ പാവം കളിക്കാര്‍ക്കിനി എന്ത് കളി , അവരെക്കൊണ്ടിനി നമുക്കെന്തു കാര്യം , ഈ കളി തീര്‍ന്നപ്പോള്‍ ആളുകളുടെ ഓര്‍മയില്‍ ബാക്കി നില്‍ക്കുന്നത് കൂട്ടിലടച്ച ഒരു നീരാളിയും തുണിയുരിഞ്ഞാടിയ ഷക്കീറയുടെ 'വക്കാ വക്കാ.........' എന്ന ഗാനവും മാത്രമാവും കളിയെ തീരെ അപ്രസക്തമാക്കുന്ന ഗോസിപ്പുകളും പ്രവചനങ്ങളുമായിരുന്നു അരങ്ങു വാണത്
ഇത്തരം നീരാളി പ്പിടുത്തങ്ങളില്‍ നിന്നും കളിയെ രക്ഷിക്കാന്‍ ഇനിയാര്‍ക്കുമാവില്ല , പന്തയക്കാരും പങ്കു കച്ചവടക്കാരും ചേര്‍ന്നൊരുക്കുന്ന അഴിഞാട്ടമായി എല്ലാ കളികളുമെന്നപോലെ ഫുട്ബാളും മാറിക്കഴിഞ്ഞു ,
കളി സമ്മാനിച്ച ആവേശത്തില്‍ ദക്ഷിണാഫ്രിക്കയിലെ അരപ്പട്ടിണിക്കാരും മുഴുപ്പട്ടിനിക്കാരും ഒരു കുഴലുമെടുത്തു തെരുവ് തെണ്ടി, ഇങ്ങു മലപ്പുറത്തു മെത്തി ഒരു കുഴല്‍ ,
അദ്ഭുതക്കുഴല്‍ കാണാന്‍ ജനം ഇരച്ചു കയറിയെന്നും ശല്ല്യം സഹിക്കാനാവാതെ വീട്ടുകാരി കുഴലെടുത്ത് അടുപ്പിലിട്ടൂതിഎന്നത് പത്രങ്ങള്‍ക്ക്ഇഷ്ടപ്പെടാത്ത വാര്‍ത്ത ,
കളി തുടങ്ങിയ നാള്‍ മുതല്‍ നമ്മുടെ നാട് പല നാടുകള്‍ക്കും തീരെഴുതിക്കൊടുത്തിരുന്നു ബ്രസീലും ഫ്രാന്‍സും ജെര്‍മനിയും മുതല്‍ നാം കെട്ടുകെട്ടിച്ച
പറങ്കി കളും ഇന്ഗ്ലെണ്ടും വരെ നമ്മുടെ നാട്ടിലും മനസ്സിലും വിലസി പറക്കുകയായിരുന്നു , അടിമച്ചങ്ങലകള്‍ ഞങ്ങള്‍ക്ക് അലങ്കാരമാണെന്ന് സ്വയംവിളിച്ചു പറയുന്ന ഒരു ജനതയുടെ മാനസികാവസ്ഥ എന്തൊക്കെ അശ്ലീലങ്ങലാണ് പുതുതായി പണിതെടുക്കുന്നത്......?!, വരും തലമുറകളെ എങ്ങിനെയൊക്കെ യാവും ഈ ആവേശം സ്വാദീനിക്കുന്നത് ...?, നാം താഴെയിറക്കിയ കൊടികള്‍ നമ്മുടെ തലയിലെ അലങ്കാരങ്ങളും നാമോടിച്ച സംസ്കാരം നമ്മുടെ വീട്ടിലെ വിരുന്നു കാരനുമാകുമ്പോള്‍ ചരിത്രം നമ്മെ നോക്കി ചിരിക്കുകയാവാം ,
കളി കഴിഞ്ഞപ്പോള്‍ നാം എന്ത് നേടി എന്ന ചോദ്യം തന്നെ അപ്പ്രസക്തമാണ് , കാരണം ഇന്ന് ഒരു കളിയും ഒന്നും നേടിത്തരുന്നില്ല പകരം പലതും നമ്മില്‍നിന്നു അപഹരിക്കുകയാണ് ,പല ദുരന്തങ്ങളും നമ്മില്‍ ഉപേക്ഷിച്ചു പോവുകയാണ്...., ചൈതന്ന്യമുള്ള സംസ്ക്കാരങ്ങളെ നശിപ്പിക്കുകയും അടിമത്തത്തെ പുനസ്രിഷ്ടിക്കുകായുമാണ്, കളിയിലും നാം ഒരു കാര്യം കണ്ടെത്തേണ്ടതുണ്ട്, ഇല്ലെങ്ങില്‍ നമുക്ക് നഷ്ടപ്പെടുന്നത് നല്ല കളി മാത്ര മാവില്ല, മറിച്ച് നമ്മെത്തന്നെയായിരിക്കും,

2010, ജൂലൈ 7, ബുധനാഴ്‌ച

കാല്‍പന്തുകളി

കാല്‍ പന്ത് കളിയെ പ്പറ്റി എനിക്കെല്ലാമറിയാം
കാലും വലയും കെട്ടി ചുറ്റും കുമ്മായം വിതറി 
വിസിലൂതി പിന്നെ കൂട്ടത്തല്ലില്‍ തീരുന്നതുവരെ 
എല്ലാറ്റിലും ഞാന്‍ മിടുക്കനായിരുന്നു
എന്റെ അപ്പനപ്പൂപ്പന്മാരെല്ലാം
കാല്‍പന്തു കളിയില്‍ അതി വിദഗ്ദരാണ്
എന്നെ ഗര്‍ഭം ധരിച്ചപ്പോള്‍തന്നെ
ഉമ്മ എന്റെ കളി വയറില്‍ തൊട്ടറിഞ്ഞിരുന്നെന്ന്
ഇപ്പോഴും പറയാറുണ്ട്‌
എന്റെ വല്ല്യുപ്പ
പണ്ട് സിംഗപ്പൂരില്‍ പോയത് പന്ത് കളിക്കാനായിരുന്നെന്നു
എല്ലാവര്‍ക്കുമറിയാം
റബ്ബര്‍ ടാപ്പിങ്ങിനായിരുന്നെന്നു അസൂയാലുക്കള്‍ പറയുന്നതാണ്
പന്തുണ്ടാക്കാന്‍ വേണ്ടി ചിലപ്പോള്‍
റബ്ബര്‍ ടാപ്പിങ്ങും ചെയ്തിട്ടുണ്ടാവും
വല്ല്യുപ്പയുടെ ഉപ്പയും പിന്നെ അവരുടെ ഉപ്പയും വിദഗ്ദര്‍ തന്നെ
അവരൊക്കെ 'പടാളി' എന്നുപറഞ്ഞതും ഒരു പക്ഷെ
പന്തുകളിയെപ്പറ്റിയാവാം
എല്ലാം "ഒരു കളി "യാണല്ലോ
ചെറുപ്പത്തില്‍ എന്നും എന്റെ സ്വപ്നം
ഉരുണ്ട വലിയ പന്തായിരുന്നു
എന്റെ അധ്യാപകര്‍ ക്കും ഇത് നന്നായറിയാമായിരുന്നതുകൊണ്ട്
എല്ലാ പരീക്ഷയിലും ഉത്തരക്കടലാസു തരുമ്പോള്‍
ഒരു പന്തിന്റെ ചിത്രം വരച്ചു തരും
അവര്‍ക്കും പന്തിനോട് ആരാധനയായിരുന്നു
നൂറ് എന്നാ അക്കം താഴെയും എനിക്കിഷ്ടപ്പെട്ട പന്ത്‌
മുകളിലുമായിട്ടാണ് ചിത്രംവര
അന്നേ എനിക്ക് മനസ്സിലായി ,
പന്ത് എപ്പോഴും നൂറിന്റെ മീതെയായിരിക്കുമെന്നു
ഒരിക്കല്‍ ഒരു ടീച്ചര്‍ മാത്രം എന്റെവീട്ടില്‍ പോയി പന്തിനെ അവഹേളിച്ചു സംസാരിച്ചു
അവരെനിക്കു തന്നത് പന്തല്ല എന്നും അതിനു പൂജ്യം എന്നാണു പറയുക തുടങ്ങി
ഇതുവരെ ആരും പറയാത്ത കഥകള്‍ ...........
പെണ്ണുങ്ങള്‍ക്ക്‌ പന്തിനോടുള്ള വിരോധം ചരിത്രാതീതകാലം മുതല്‍ക്കുള്ളതാണെന്ന്
അന്നെനിക്കറിയില്ലായിരുന്നു
എന്തായാലും കണക്കു ടീച്ചര്‍ കളവുപറഞ്ഞതാണെന്ന സത്യം ഉമ്മ തിരിച്ചറിഞ്ഞില്ല എന്ന്
എനിക്ക് മനസ്സിലായത്‌ അന്ന് രാത്രിയാണ്
വടിയുടെ ശീല്‍ക്കാരം റഫറിയുടെ വിസിലായും
അടിയുടെ ശബ്ദം പെനാല്‍ട്ടികിക്കിന്റെ ശബ്ദമായുംഎനിക്ക് തോന്നി
സന്തോഷത്തിന്റെ അശ്രുകണങ്ങള്‍
എന്റെ വിരിപ്പിനെ നനചെങ്കിലും ആ വിരിപ്പ്
ഒരു നിധിപോലെ ഇപ്പോഴും എന്റെ തലയിണക്കുള്ളിലുണ്ട്
പിന്നീടെന്നും പന്തിനു പകരം
പന്തുപോലുള്ള അവരുടെ മുഖവും
പന്തുരുളുന്നതുപോലുള്ള ആ നടപ്പും സ്വപ്നത്തില്‍ വന്നെന്റെ ഉറക്കം കെടുത്തി
ഒരിക്കല്‍ അവരെന്നോട് പറയുകയാണ്‌
"ഇങ്ങിനെ പന്തും പിടിച്ചുനടന്നാല്‍
നീ പത്തിലെത്തുമ്പോള്‍ പന്ത് പൊട്ടുമ്പോലെ പൊട്ടും"
പെണ്ണുങ്ങള്‍ക്ക്‌ പന്തുകളിക്കാന്‍ കഴിയാത്തതിന്റെ കുശുമ്പ്
അവരെന്നോട് തീര്‍ക്കുകയായിരുന്നു
ഇങ്ങിനെ പന്തില്‍ പൊതിഞ്ഞ എന്റെ കഥകള്‍ ഏറെയുണ്ട്
എല്ലാം ചേര്‍ത്ത് ഒരിക്കല്‍
എന്റെ മകനോട്‌ പറഞ്ഞപ്പോള്‍ അവന്റെ ചോദ്യം
"ഈ കാല്‍പന്തുകളി എന്നാല്‍ എന്താ................?"
ട്ടും..........
അതുവരെ സൂക്ഷിച്ച എന്റെ പന്ത് അന്നുപൊട്ടി
ഒടുവില്‍ ടീവി തുറന്നു മെസ്സിയുടെ കളി കാണിച്ചപ്പോള്‍ അവനെന്നെയൊരു നോട്ടം
ഇത് ഫുട്ബാള്‍ അല്ലെ .............?
ട്ടും .........
എന്റെ ഹാര്‍ട്ട്‌ ആണ് അപ്പോള്‍ പൊട്ടിയത്
അല്ലെങ്കിലും അവനെ പറഞ്ഞിട്ട് കാര്യമില്ല
ഒരിക്കല്‍പോലും നൂറില്‍ ഒരു " പന്ത് " വാങ്ങാത്തവന്
പന്തിനെ ക്കുറിച്ച് പറയാന്‍ എന്ത് യോഗ്യത ....?!
അവന്‍ ഫുട്ബോള്‍ എന്ന് തന്നെ പറയട്ടെ ............

കാപട്യം

കാപട്യം ഒരു സുകൃതമാണെന്ന്
ആളുകള്‍ പറയുന്നു ...........
തെളിച്ചു വെച്ച വിളക്കിനു മുമ്പിലിരുന്നു കൊണ്ട്
പരസ്പരം മുഖം നോക്കി ചിരിച്ച്‌
കളവു പറഞ്ഞു വഞ്ചിക്കാന്‍ ...........
അണഞ്ഞ വിളക്കിനു താഴെ കുതികാല്‍വെട്ടി
കൈകഴുകാന്‍ .........
മുന്‍ഗാമികള്‍ ചെയ്ത സുകൃതങ്ങളെ
തന്റെതാക്കി മേനിനടിക്കാന്‍ ..........
പിന്നെ
അപരാധങ്ങള്‍ വഴിയെപ്പോകുന്നവന്റെ പിരടിയിലിട്ടു
തലയൂരാനും ............
കാപട്യം ഒരു ആവശ്യമാണെന്ന്
എന്റെ അനിയനും  പറയുന്നു
മാലാഖയെ ചെകുത്താനാക്കാം
ചെകുത്താനെ വിശുദ്ധനെന്നു വിളിക്കാം
കാലത്തിന്റെ ഇരുട്ടിലൂടെ ഊളിയിടാം ............
കൈത്താങ്ങായി വന്നവന്റെ കാലൊടിക്കാനും
കാപട്യം ഒരു ഒളിത്താവളമാണെന്ന്
എല്ലാവരും പറയുന്നു ............

2010, ജൂലൈ 6, ചൊവ്വാഴ്ച

ഭാഗ്യം

ഭാഗ്യം തേടിയാണയാല്‍ യാത്ര പോയത്
പുഴയും കടലും താണ്ടി , വസന്തവും ശിശിരവും പിന്നിട്ടു
എത്തിയത് മരുഭൂമിയില്‍
വെയിലിലെന്തോ തിളങ്ങുന്നതുകണ്ട് അയാള്‍ കരുതി
സ്വര്‍ണം !!!
ഇതുതന്നെ ഭാഗ്യം
ഓടിചെന്നപോഴാനരിയുന്നത്‌
മണല്‍ തന്നെ ചതിക്കുകയായിരുന്നു
അലച്ചിലിനൊടുവില്‍ അയാളെത്തിയത്
ഭാഗ്യ രത്നങ്ങളുടെ വില്പന ശാലയില്‍ ,
ഭാഗ്യം തേടി നടന്നയാള്‍
ഭാഗ്യ ങ്ങളുടെ വിതരണക്കാരന്‍..!!
ചോദിച്ചവര്‍ക്കെല്ലാം "ഭാഗ്യം "വാരി നല്‍കി
ഒടുവില്‍ ആരോ പറഞ്ഞുകേട്ടു " അയാള്‍ മഹാ ഭാഗ്യവാനാണെന്ന്"
അവര്‍ക്കറിയില്ലല്ലോ
ഹൃദയത്തില്‍ ഒരു വലിയ കല്ലും പേറിയാണയാല്‍ നടക്കുന്നതെന്ന്

മത്തങ്ങയുടെ രാഷ്ട്രീയം


നിങ്ങള്‍മത്തങ്ങയെ കുറിച്ചു സംസാരിക്കൂ
ഈയുള്ളവന്‍ മത്തങ്ങയുടെ കുരു കൊറിചിരിക്കാം
മത്തങ്ങക്കുരുവിന്റെ പാറ്റന്റ്
മുത്തശ്ശിയുടെ കൊന്തലില്‍ തൂങ്ങുന്ന താക്കോല്‍ കൂട്ടത്തിനാണ്
"കുരു" കിട്ടാന്‍
പത്തായം തുറക്കാതെ പറ്റില്ലല്ലോ
മത്തങ്ങാക്കുരു മുഖ വ്യായാമത്തിന് ബെസ്റ്റ് ആണെന്ന്
കാലിഫോര്‍ണിയയില്‍ നടന്ന പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്
രണ്ടു പല്ലുകള്‍ക്കിടയില്‍ വെച്ച്
തൊണ്ട് പൊട്ടിച്ചുള്ള "പരിപ്പെടുപ്പ്" ഒരു കലയാണ്‌
പരിപ്പെടുക്കാന്‍ നല്ലത് കാമ്പസ് ആണെങ്കിലും
നല്ല പരിപ്പുള്ളത് നരച്ച കുരുവിലാനെന്നത് പ്രമാണം
പോലീസിനെ കല്ലെറിയുംപോഴും
കുരു കൊറിക്കുംപോഴും ഒരേ അനുഭൂതിയാനെന്നു
ഇസ്രായേലിന്റെ പഠനത്തിലുണ്ട്
ബസ്സിന്റെ ചില്ലുടക്കുമ്പോഴും കുരുവിന്റെ തൊണ്ട് പൊട്ടുമ്പോഴും
ഒരേ സംഗീതമാണെന്ന് കേരള പോലീസും പറയുന്നു
ഇനി
മത്തങ്ങയെ പ്രതീക മാക്കുന്നവരോട് ഒരു വാക്ക്
മത്തങ്ങാ കൃഷിക്ക് "ചാണകവെള്ളം"
അനിവാര്യമായതിനാല്‍
മത്തങ്ങയുടെ സൌന്നര്യം കുരുവിനോളം വിശുദ്ധമല്ല
ചാണകം കറുപ്പും കുരു വെളുപ്പുമാനെന്നതും ഓര്‍ക്കുക
സോറി , എനിക്ക് വാഷിങ്ങ്ടണില്‍ ഒരു തിസ്സീസ് സമര്‍പ്പിക്കനുണ്ട്
വിഷയം" മത്തങ്ങാ കുരുവിന്റെ രാഷ്ട്രീയം "
ഫ്ലയ്ടിനു സമയമായി ,
കയ്യില്‍ ബാക്കിയുള്ള കുരു കൊറിച്ചു തീര്‍കാനുണ്ട്
അകത്തു കേറിയാല്‍ ഇതൊന്നും പറ്റില്ല
കുരുവിന്റെ തൊണ്ട് പൊട്ടുമ്പോള്‍ ബോംബ്‌ പൊട്ടിയതായി ന്യായം ചൊല്ലി
എന്റെ പരിപ്പവര്‍ കൊറിക്കും
കാരണം ഇന്നലെ ഞാന്‍  
ഷേവ് ചെയ്യാന്‍ മറന്നിരിക്കുന്നു ............


'

2010, ജൂലൈ 5, തിങ്കളാഴ്‌ച

കാറ്റ്

ഈന്തപ്പന മരം കാറ്റിനെ നോക്കിപ്പറഞ്ഞു

നിനക്കൊരു ചൂടില്ല

നോക്കൂ എന്റെ പഴങ്ങള്‍

പഴുക്കാതെ പോഴിയുന്നതിനു നീയാണ്

ഹേതു

സങ്കടപ്പെട്ട കാറ്റ് കൊല്ലന്റെ ആല തേടിപ്പോയി

കനലില്‍ പഴുത്ത് ഓടിയെത്തി

ഈന്തപ്പഴങ്ങളെ ഊതി പ്പഴുപ്പിച്ചു

പഴം പറിക്കാന്‍ വന്ന കര്‍ഷകന്‍ കാറ്റിനെ നോക്കിപ്പറഞ്ഞു

ഹോ ...എന്തൊരു ചൂട്

നിന്റെ ചൂടില്‍ എന്റെ വയലുകള്‍ കരിഞ്ഞുണങ്ങി

കാറ്റ് കണ്ണീരോടെ പുഴ തേടിപ്പോയി

പുഴ പറഞ്ഞു ... എന്നെ ഉണക്കികളഞ്ഞത് നീയാണ്

നിന്റെ ചൂട് എന്റെ രക്തം കുടിക്കുന്നു

യാ അല്ലാഹ് ...............

കാറ്റിന്റെ വേദനയൂറുന്ന വിളിയില്‍ മനസ്സലിഞ്ഞ ദൈവം

കാറ്റിനെ തണുപ്പിക്കാന്‍ മഴയോട് ചൊല്ലി

കുളിരണിഞ്ഞ കാറ്റിനു

എതിരെ വന്ന കര്‍ഷകന്‍ മുഖം ചുളിച്ചു,

ഹോ .........എന്തൊരു കുളിര്.....

ഇ- മെയില്‍

വരണ്ടുണങ്ങിയ മണല്‍ പരപ്പിലൂടെ
വെള്ളം തേടിയലഞ്ഞ കാറ്റ്
മണലിനോട്‌ പരാതിയോതി
മണല്‍ ഒട്ടകങ്ങള്‍ക്കും
ഒട്ടകം തന്റെ ഇടയനും

പരാതി ഫോര്‍വേഡ് ചെയ്തു
ഇടയന്‍
മുകളിലെ മോണിറ്ററിന്റെ പിന്നില്‍ ഒളിച്ചിരിക്കുന്നവനെ നോക്കി പ്പറഞ്ഞു
ഒരു മെയില്‍ അയച്ചിരുന്നു , റിപ്ലേ യൊന്നും കിട്ടിയില്ല
പെട്ടെന്ന്
മോണിറ്റര്‍ ഓഫായി
പൊട്ടലും ചീറ്റലും
കരിഞ്ഞ മണത്തിനു ഇരുട്ട് പായവിരിച്ചു
കുത്തി പ്പെയ്ത മഴയ്ക്ക് കൂട്ടായി വന്ന കാറ്റ്

എന്നെ നോക്കി ചിരിച്ചു
തിരിഞ്ഞു നോക്കുമ്പോള്‍
തലയുയര്‍ത്താന്‍ തുടങ്ങിയ ചെടികളെ നോക്കി

ഇടയന്‍ പറയുന്നത് കേട്ട്
അള്ളാഹു അക്ബര്‍